സ്വാഗതം
നാം അവന്‍റെ തിരുനിവാസത്തിലേക്ക് ചെന്ന് അവന്‍റെ പാദപീഠത്തിങ്കല്‍ നമസ്ക്കരിക്കുക. (സങ്കീ. 132:7)
മലങ്കര സഭയിലെ പള്ളികളുടെ നേതൃനിരയില്‍ നിലകൊള്ളുന്ന ദേവാലയമാണ് തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളി. ഈ ദേവാലയം കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി–ചവറ ദേശീയപാത (എൻ.എച്ച്. 66)-യിലെ കുറ്റിവട്ടം ജംഗ്ഷനിൽ നിന്ന് അഞ്ച് കിലോമീറ്റർ കിഴക്കായും ശാസ്താംകോട്ടയിൽ നിന്ന് ആറു കിലോമീറ്റർ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. ചരിത്ര രേഖകളില്‍ കാണപ്പെടുന്ന അഷ്ടമുടിക്കായൽ ഈ പ്രദേശത്തിന്റെ തെക്ക് മാറി കടലിലേക്കൊഴുകുന്നു. വിശുദ്ധ മാര്‍ത്തോമ്മാ ശ്ശീഹായാല്‍ ഒന്നാം നൂറ്റാണ്ടോടുകൂടി സ്ഥാപിതമായ കൊല്ലം താരിശപ്പള്ളി കടല്‍ക്ഷോഭത്തില്‍ നശിച്ചപ്പോള്‍ അവിടെ നിന്നും കുടിയേറിയ ക്രിസ്തുമത വിശ്വാസികള്‍ സ്ഥാപിച്ചതാണ് ഈ വിശുദ്ധ ദേവാലയം. നാലാം നൂറ്റാണ്ടോടുകൂടി പുതുക്കി പണിത ഈ വിശുദ്ധ ദേവാലയം പതിനേഴോളം നൂറ്റാണ്ടുകൾ താണ്ടുകയും, 1971-ല്‍ അവസാനമായി പുതുക്കിപ്പണിയുകയും, പരിശുദ്ധ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവയാല്‍ കൂദാശ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന ഡാനിയല്‍ മാര്‍ പീലക്സിനോസ് കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ കൂറിലോസ് എന്നിവരും ഇടവക പട്ടക്കാരായിരുന്ന കെ. കോശിവൈദ്യന്‍ കോര്‍ എപ്പിസ്കോപ്പയും, കെ. എം. കോശിവൈദ്യനും സഹ കാര്‍മ്മികത്വം വഹിച്ചിരുന്നു. കൊല്ലം ഭദ്രാസനത്തിലെ പുരാതന ദേവാലയങ്ങളില്‍ അഗ്രിമസ്ഥാനമുള്ള, വിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള ഈ പരിശുദ്ധ ദേവാലയം, നൂറ്റാണ്ടുകളായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. പരിശുദ്ധ മാര്‍ അബോയുടെ കബറിടം സ്ഥിതിചെയ്യുന്നതും തീര്‍ത്ഥാടനകേന്ദ്രമായി ആദരിക്കപ്പെടുന്ന ഈ ദേവാലയം, തലമുറകളായ വിശ്വാസികളെ പ്രചോദിപ്പിക്കുകയും, വഴികാട്ടുകയും, ആത്മീയമായി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഔദ്യോഗിക
തേവലക്കര
പള്ളി & ഒസിവൈഎം
ഫേസ്ബുക്ക് പേജ്.