Image Logo
Image Header Logo
മാര്‍ ആബോ

പരിശുദ്ധ മാര്‍ ആബോ തിരുമേനി

പരിശുദ്ധ മാര്‍ ആബോ തിരുമേനി ഇന്ന് ഭൂപടത്തില്‍ കാണുന്ന ഇറാഖിലെ നിനവേ എന്ന സ്ഥലത്തുനിന്നും കൊല്ലത്തെത്തിയ ബിഷപ്പായിരുന്നു (റഫറൻസ്: ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ, പേജ് 244), (കടമറ്റം പള്ളിയുടെ മദ്ബഹായില്‍ സ്ഥാപിച്ചിട്ടുള്ള പേര്‍ഷ്യന്‍ കുരിശ്ശ്).

പരിശുദ്ധ തിരുമേനി തന്‍റെ ആദ്ധ്യാത്മിക ജീവിതംകൊണ്ട്‌ ദേശത്തിന്‍റെയും അധിപതികളുടെയും ശ്രദ്ധയും കരുതലും വളരെ വേഗം നേടിയെടുക്കുവാന്‍ സാധിച്ചു. ആയതു മൂലം കൊല്ലം നാട്ടുരാജാവായ കുലശേഖര രാജാവ് വിവിധ അധികാരങ്ങള്‍ നല്കുകയുണ്ടായി. മാര്‍ത്തോമ്മ ശ്ലീഹായാല്‍ സ്ഥാപിതമായ കൊല്ലം തരീശ്ശാപളളി കടല്‍ ക്ഷോഭത്താല്‍ നശിച്ച് പോവുകയും ആരാധനാലയം ഇല്ലാതാവുകയും ചെയ്തു. എട്ടാം നൂറ്റാണ്ടോടുകൂടി കൊല്ലത്തെത്തിയ പരിശുദ്ധ തിരുമേനി കുലശേഖര രാജാവില്‍ നിന്നും നേടിയ അധികാര ചെപ്പോടുകളാല്‍ കാലഹരണപ്പെട്ട കൊല്ലം തരിശ്ശാപള്ളി പുതുതായി പണിയുകയുണ്ടായി. അതിന് ശേഷം സുവിശേഷ പ്രചാരണാര്‍ത്ഥം കടമറ്റം, അകപ്പറമ്പ്, കായംകുളം, നിരണം, നിലയ്ക്കല്‍, തേവലക്കര എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും പലസ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും ക്രിസ്തുമതത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.

സുവിശേഷ ഘോഷണാര്‍ത്ഥം കടമറ്റത്തെത്തിയ പരിശുദ്ധ തിരുമേനി യാത്രാക്ഷീണത്താല്‍ അടുത്തുകണ്ട ഭവനത്തില്‍ കയറി ഭക്ഷണം ചോദിച്ചു. പാലിയൂര്‍ പകലോമറ്റം നമ്പൂതിരി കുടുംബത്തിലെ വിധവയായ സ്ത്രീയും അവരുടെ ഏകമകനും മാത്രമുള്ള സാധുകുടുംബത്തില്‍ അഥിതി സല്‍ക്കാരത്തിനുള്ളവകയൊന്നുമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ തിരുമേനി ഇപ്രകാരം കല്പിച്ചു. “ഉന്നതന്‍റെ മൃഷ്ടാന്ന ഭോജനത്തെക്കാള്‍ മനഃശുദ്ധിയോടെ കൊടുക്കുന്ന ദരിദ്രന്‍റെ ഉള്ളതില്‍ പങ്കാണുത്തമം” ഇതുകേട്ട് മൂന്ന് പാത്രങ്ങളിലും ഭക്ഷണം വിളമ്പിയ സാധുസ്ത്രീ പാത്രങ്ങളും കലവും നിറയുന്നതുകണ്ട് പരിഭ്രമിച്ചു. അവര്‍ നില്ക്കുന്നത് ഒരു സാധാരണ മനുഷ്യന്‍റെ മുമ്പിലല്ലെന്നും ഒരു പരിശുദ്ധനാണദ്ദേഹമെന്നും മനസ്സിലാക്കി. അതിനെത്തുടര്‍ന്ന് ഈ സ്ത്രീയുടെ ഏകപുത്രന്‍ മാര്‍ ആബോയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ ശിഷ്യസമ്പത്താണ് പില്‍ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന കടമറ്റത്ത് കത്തനാര്‍.

മറ്റൊരു സന്ദര്‍ഭത്തില്‍ കടമറ്റത്തെ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ‘കര്‍ത്താ’യുടെ മകളുടെ ചിത്തഭ്രമം സുഖപ്പെടുത്തിയതിന്‍റെ സന്തോഷത്താല്‍ മാര്‍ ആബോയ്ക്ക് ‘കര്‍ത്താ’ പള്ളി സ്ഥാപിക്കുവാന്‍ സ്ഥലം നല്കി. ആസ്ഥലത്ത് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സ്ഥാപിതമായി.

ഈ താപസശ്രേഷ്ഠനില്‍ നിന്നും രോഗശാന്തി ലഭിച്ച അനേകര്‍ ക്രിസ്തുമതം സ്വീകരിച്ചു. പരിശുദ്ധ പിതാവിന്‍റെ അത്ഭുതപ്രവര്‍ത്തനങ്ങളില്‍ അമര്‍ഷം പൂണ്ട യാഥാസ്ഥിതികര്‍ അദ്ദേഹത്തെ വകവരുത്തുവാന്‍ തീരുമാനിച്ചു. ദൈവിക ദര്‍ശനത്താല്‍ ഈ കാര്യങ്ങള്‍ മനസിലാക്കിയ പരിശുദ്ധ തിരുമേനി കടമറ്റത്തച്ചനെ വിളിച്ച് തന്‍റെ കയ്യിലെ മുദ്രമോതിരം ഊരി അച്ചന്‍റെ വിരലിലണിയിക്കുകയും ഞാന്‍ അവിടെ നിന്നും യാത്രയാവുകയാണ് ഈ മുദ്ര മോതിരം ഊരി താഴെ വീഴുമ്പോള്‍ എന്‍റെ അന്ത്യം സംഭവിച്ചതായും മനസ്സിലാക്കി കൊള്ളണം എന്ന് പറഞ്ഞു. കടമറ്റത്തച്ചന്‍ മനസ്സില്ലാ മനസ്സോടെ തന്‍റെ ഗുരുവിനെ യാത്രയാക്കി.

കടമറ്റത്തു നിന്നും തെക്കോട്ട് യാത്രചെയ്ത് പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശുദ്ധ മാര്‍ ആബോ തിരുമേനി ഒടുവില്‍ തേവലക്കരയില്‍ലെത്തി. വി. ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള ആരാധനാലയവും ശാന്തസുന്ദരമായ ഗ്രാമപ്രദേശവും, നിഷ്കളങ്കരായ ജനങ്ങളുടെ സ്നേഹവാത്സല്യങ്ങളും അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചു. പള്ളിയോട് ചേര്‍ന്നുണ്ടായിരുന്ന ചാവടി വിശ്രമസ്ഥലമായി തിരഞ്ഞെടുത്ത് ശേഷിച്ച കാലം ഇവിടെ ജീവിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ ചാവടി ഇപ്പോഴും പുതുക്കി പണിതനിലയില്‍ പള്ളിയുടെ മുന്‍ഭാഗത്തായി കാണാം. ഇവിടെ വച്ച് മാര്‍ആബോ വളരെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. തന്നെ സമീപിച്ചവരെയെല്ലാം ജാതി ഭേദമന്യേ സഹായിച്ചു. രോഗികള്‍ക്ക് സൌഖ്യവും പീഡിതര്‍ക്ക് ആശ്വാസവും പിശാചു ബാധിതര്‍ക്ക് ആ ബന്ധനത്തില്‍ നിന്ന് മോചനവും നല്കി.

ഈ പരിശുധനിലൂടെ ധാരാളം ദൈവീക പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു. ഇതില്‍ സന്തോഷം പൂണ്ട വിശ്വാസികള്‍ ജാതിമതഭേദമന്യേ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഈ സ്നേഹവും പരിശുദ്ധ പിതാവിലുള്ള വിശ്വാസവും ഇന്നും അഭംഗ്വരം നിലനില്ക്കുന്നു.

ഈ ലോക ജീവിതം ദൈവത്തോടുള്ള വിശ്വസ്തതയില്‍ പൂര്‍ത്തിയാക്കിയ മാര്‍ ആബോ തന്‍റെ യജമാനന്‍റെ വിളികേട്ട് ദൈവസന്നിധിയിലേക്ക് യാത്രയായി. ഇദ്ദേഹത്തിന്‍റെ മരണ സമയത്ത് വിശ്വസ്ത ശിഷ്യനായിരുന്ന കടമറ്റത്തച്ചന്‍റെ കയ്യിലണിഞ്ഞിരുന്ന മുദ്രമോതിരം ഊരി താഴെ വീണു. ഗുരുവചനം ഉടന്‍ ഓര്‍മ്മിച്ച ശിഷ്യന്‍ മാര്‍ ആബോയുടെ വേര്‍പാട് മനസ്സിലാക്കി പ്രിയ ഗുരുവിന്‍റെ ഭൌതിക ശരീരം ദര്‍ശിക്കുവാന്‍ യാത്രയായി. ക്ലേശകരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ തേവലക്കരയിലെത്തിയപ്പോഴേക്കും ഇവിടെയുളള വിശ്വാസികള്‍ തങ്ങളുടെ വന്ദ്യപിതാവിന്‍റെ ദിവ്യ ശരീരം നിറകണ്ണുകളോടും നൊമ്പര ഹൃദയത്തോടും കൂടി പള്ളി മദ്ബഹായില്‍ വടക്ക് പടിഞ്ഞാറ് വശത്ത് ഭക്തിയാദരപൂര്‍വ്വം കബറടക്കിയിരുന്നു. തന്‍റെ പ്രിയ ഗുരുവിന്‍റെ ഭൌതികശരീരം അവസാനമായി കാണാന്‍ കഴിയാത്തതില്‍ വ്യസനത്തോടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ നില്ക്കുമ്പോള്‍ തന്നെ ആശ്വസിപ്പിക്കുവാന്‍ എന്ന വണ്ണം മാര്‍ ആബോയുടെ വലതു കൈ കബറില്‍ നിന്നും വെളിയിലേക്ക് വന്നു. എല്ലാ ദു:ഖവും മറന്ന് സന്തോഷത്താല്‍ ആ പരിശുദ്ധ പിതാവിന്‍റെ കരം മാറോട് ചേര്‍ത്തണച്ച അച്ചന് അത് വേര്‍പെട്ട് കയ്യിലിരിക്കുന്ന കാഴ്ച അത്ഭുതമായി തോന്നി. അച്ചനും കൂട്ടരും ഭക്തിയാദരപൂര്‍വ്വം ഈ കരം കൊണ്ടുപോയി കടമറ്റം പള്ളിയുടെ തെക്കേ ഭിത്തിയില്‍ പ്രതിഷ്ഠിച്ചു. ഈ ഗുരുശിഷ്യബന്ധത്തിന്‍റെ തുടര്‍ച്ചയെന്നോണം കടമറ്റത്തു നിന്നും ധാരാളം ഭക്ത ജനങ്ങള്‍ പരിശുദ്ധ കബറിങ്കലേക്ക് എത്തിച്ചേരുന്നു.

സകലരും ആദരിക്കുന്ന പുണ്യ സങ്കേതങ്ങള്‍ കുറവായ ഇക്കാലത്ത് ജാതിമതഭേതം കൂടാതെ മാര്‍ ആബോയുടെ മദ്ധ്യസ്ഥതയില്‍ ഉദ്ദിഷ്ട കാര്യം നേടിയ അനുഭവ സാക്ഷ്യങ്ങള്‍ ധാരാളമാണ്. ബോധപൂര്‍വ്വമായ യാതൊരു പ്രചാരണവും ഇല്ലാതിരുന്നിട്ടും ഈ പിതാവിനെക്കുറിച്ചുള്ള ഖ്യാതിയും വിശ്വാസികളുടെ അനുഭവങ്ങളും ദിനം തോറും വര്‍ദ്ധിക്കുന്നു. ഇവിടെ സന്ദര്‍ശിച്ചിട്ടുള്ള കാലം ചെയ്തതും ഇന്ന് ജീവിച്ചിരിക്കുന്നതുമായ സഭാ പിതാക്കന്‍മാര്‍ ഈ പരിശുദ്ധനിലൂടെ ലഭിച്ച അനുഭവങ്ങള്‍ക്ക് സാക്ഷികളാണ്. വിശ്വാസികള്‍ പരിശുദ്ധ മാര്‍ ആബോയുടെ കബറിങ്കല്‍ പ്രാര്‍ത്ഥിച്ച ശേഷമേ പുതിയ സംരംഭങ്ങള്‍ തുടങ്ങാറുള്ളൂ. പരിശുദ്ധ പിതാവിന്‍റെ കബറിനോട് ചേര്‍ന്നുളള പ്രാര്‍ത്ഥനാമുറി എപ്പോഴും ഏവര്‍ക്കും കടന്നു വന്ന് പ്രാര്‍ത്ഥിക്കത്തക്കരീതിയില്‍ പണികഴിപ്പിച്ചിരിക്കുന്നു. രോഗങ്ങളും ജീവിതപ്രയാസങ്ങളും നീക്കി ഈ കബറിടം ജാതിമത ഭേതമന്യേ ഇന്നും വിശ്വാസികള്‍ക്ക് ആശ്വസാമരുളുന്നു.

ആശ്രയിച്ചാല്‍ അനുഗ്രഹിക്കുന്ന ഈ പരിശുദ്ധന്‍റെ പുണ്യ സന്നിധിയില്‍ ശിരസു നമിക്കുമ്പോള്‍ ആധിയും വ്യാധിയും മാറുന്നു. എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും സന്ധ്യാ പ്രാര്‍ത്ഥനയോടു ചേര്‍ന്ന് മാര്‍ ആബോയുടെ മധ്യസ്ഥതയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി വരുന്നു. രണ്ടാം വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെ ധ്യാനവും പരിശുദ്ധ മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി വരുന്നു.

നീതിമാന്‍ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്‍റെ പ്രതിഫലം ലഭിക്കും (വിശുദ്ധ മത്തായി 10:41).

വിശുദ്ധ വ്യക്തികള്‍ അവരുടെ ജീവിത കാലഘട്ടത്തില്‍ അത്ഭുതപ്രവര്‍ത്തികളും ദൈവിക നിറവും പ്രകടമാക്കുന്നു. അവയുടെ പ്രഭാവം മരണാനന്തരവും പ്രശോഭിക്കുന്നു. ഒരു ദിവ്യ ശക്തിയോട് അവര്‍ക്കുള്ള ഗാഢബന്ധത്തില്‍ നിന്നാണ് ഈ സ്വഭാവങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഉള്ള സവിശേഷത കൈവരുന്നത്.

ആകയാല്‍ വാങ്ങിപോയിരിക്കുന്ന വിശുദ്ധന്‍മാര്‍ സജീവ അവസ്ഥയിലാണ്. (വിശുദ്ധ ലൂക്കോസ് 9:30-31) അവര്‍ ആരാധിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. (വിശുദ്ധ വെളിപാട് 7:14-15) അവരുടെ പ്രാര്‍ത്ഥന ഫലിക്കുന്ന (വിശുദ്ധ യാക്കോബ് 5:14) ജീവിച്ചിരിക്കുന്നവരുടെ അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു (വിശുദ്ധ ലൂക്കോസ് 16:27-28) അവരെ ഓര്‍ക്കണം (സദൃശ്യവാക്യം 10-7, വിശുദ്ധ മത്തായി 10:40-41).

വാങ്ങിപോയിരിക്കുന്ന വിശുദ്ധന്‍മാര്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. ആകയാല്‍ ഈ കബറിടത്തില്‍ വന്നപേക്ഷിക്കുന്ന നാനാജാതി മതസ്ഥരുടെ ആശ്രയവും സങ്കേതവുമായി പരിലസിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാള്‍ എല്ലാ വര്‍ഷവും ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ സമുചിതമായി കൊണ്ടാടുന്നു. മാര്‍ ആബോ പിതാവിന്‍റെ കബറിങ്കല്‍ നിന്നും സമാധാനവും ശാന്തിയും സൌഖ്യവും പ്രാപിക്കുവാന്‍ ഏവര്‍ക്കും സാധിക്കട്ടെ.