Image Logo
Image Header Logo
ചരിത്രം

മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളി ചരിത്രം

മലങ്കര സഭയിലെ പള്ളികളുടെ നേതൃനിരയില്‍ നില്‍ക്കുന്ന ദേവാലയമാണ് തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളി. ഈ ദേവാലയം കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി ചവറ എന്‍.എച്ച്. 66-ല്‍ കുറ്റിവട്ടം ജംഗ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കിഴക്ക് മാറിയും ശാസ്താം കോട്ടയ്ക്ക് ആറ് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയും ആണ് ഈ ദേവാലയം. ചരിത്ര രേഖകളില്‍ കാണപ്പെടുന്ന അഷ്ടമുടിക്കായല്‍ ഈ പ്രദേശത്തിന്‍റെ തെക്ക് മാറി കടലിലേക്കൊഴുകുന്നു.

വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ ഒന്നാം നൂറ്റാണ്ടോടുകൂടി സ്ഥാപിതമായ കൊല്ലം തെരേസാപ്പള്ളി കടല്‍ക്ഷോഭത്തില്‍ നശിച്ചപ്പോള്‍ അവിടെ നിന്നും കുടിയേറിയ ക്രിസ്തുമത വിശ്വാസികള്‍ സ്ഥാപിച്ചതാണ് ഈ വിശുദ്ധദേവാലയം. നാലാം നൂറ്റാണ്ടോടുകൂടി പുതുക്കി പണിത ഈ വിശുദ്ധ ദേവാലയം പതിനേഴോളം നൂറ്റാണ്ടകള്‍ താണ്ടുകയും 1971-ല്‍ അവസാനമായി പുതുക്കിപണിയുകയും, പരിശുദ്ധ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്ക ബാവയാല്‍ കൂദാശ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന ഡാനിയല്‍ മാര്‍ പീലക്സിനോസ് കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ കൂറിലോസ് എന്നിവരും ഇടവക പട്ടക്കാരായിരുന്ന കെ.കോശിവൈദ്യന്‍ കോര്‍ എപ്പിസ്കോപ്പയും, കെ. എം. കോശിവൈദ്യനും സഹ കാര്‍മ്മികത്വം വഹിച്ചിരുന്നു. കൊല്ലം ഭദ്രാസനത്തിലെ പുരാതന ദേവാലയങ്ങളില്‍ അഗ്രിമസ്ഥാനമുള്ള വിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള ഈ വിശുദ്ധ ദേവാലയം മലങ്കരസഭയുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.

2010 ഫെബ്രുവരി 8 തീയതി പരിശുദ്ധ പിതാവിന്‍റെ ഓര്‍മ്മ പെരുന്നാളില്‍ വച്ച് മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ മാര്‍ അബോ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. കൊല്ലം ഭദ്രാസനാധിപന്‍ സക്കറിയാ മാര്‍ അന്തോനിയോസ്, ഇടവക വികാരിയായിരുന്ന ജി. കോശി പുനലൂര്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു.

സുവിശേഷ ഘോഷണാര്‍ത്ഥം മാര്‍ ആബോ തിരുമേനി കൊല്ലത്തെത്തുകയും പരിശുദ്ധ പിതാവിന്‍റെ ആദ്ധ്യാത്മിക പ്രാവീണ്യം മനസ്സിലാക്കിയ അന്നത്തെ നാടുവാഴിയായ കുലശേഖര രാജാവ് കൊല്ലം തരിശ്ശാപള്ളി പുതുക്കിപണിയുന്നതിനും ക്രിസ്തീയ സമൂഹത്തെ നിലനിര്‍ത്തുന്നതിനുമായുളള അധികാരം നല്കികൊണ്ട് ചെപ്പോട്ട് നല്കുകയുണ്ടായി (റഫറൻസ്: ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ, പേജ് 244). പരിശുദ്ധ പിതാവിന് വിവിധ രാജാക്കന്മാരില്‍ നിന്നും വിവിധ അധികാര ചെപ്പോടുകള്‍ ലഭിക്കുകയും അവയില്‍ പലതും 1599-ലെ ഉദയം പേരൂര്‍ സുന്നഹദോസിന് ശേഷം ഗോവന്‍ ആര്‍ച്ച് ബിഷപ്പ് അലക്സ് ഡി. മെനസിസ് മലങ്കര സഭയിലെ പള്ളികള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ തേവലക്കര പള്ളിയില്‍ എത്തുകയും ചെമ്പു തകിടുകളില്‍ ആലേഖനം ചെയ്തിരുന്ന ചെപ്പോടുകള്‍ പലതും കൈവശമാകുകയും ചെയ്തു. ശേഷിച്ച ഒന്ന് ദേവലോകം അരമനയില്‍ സൂക്ഷിച്ചിരിക്കുന്നു.

പരിശുദ്ധ മാര്‍ ആബോ തിരുമേനി കടമറ്റം, അടപ്പറമ്പ്, കായംകുളം, നിരണം, നിലയ്ക്കല്‍, മലയാറ്റൂര്‍, തേവലക്കര തുടങ്ങിയസ്ഥലങ്ങളില്‍ ക്രിസ്തുമത പ്രവര്‍ത്തനം നടത്തുകയും പല സ്ഥലങ്ങളിലും പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു.

പരിശുദ്ധ പിതാവിന്‍റെ ഓര്‍മ്മപെരുനാള്‍ എല്ലാവര്‍ഷവും ഫെബ്രുവരി 7, 8 തീയതികളില്‍ നടത്തപ്പെടുന്നു. പിതാവിന്‍റെ ജനനപ്പെരുന്നാള്‍ ഒക്ടോബര്‍ 23നും നടത്തിവരുന്നു. കൂടാതെ പരിശുദ്ധ ദൈവ മാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ തേവലക്കര പള്ളിയിലും, പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പരുന്നാള്‍ ഗ്രിഗോറിയോസ് ചാപ്പൽ, പടിഞ്ഞാറ്റിന്‍കര, പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സെന്റ് മേരീസ് ചാപ്പൽ എന്നിവയിലും നടന്നു വരുന്നു.

ഈ ദേവാലയത്തിന്‍റെ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിച്ച അനേകര്‍ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. അവരില്‍ വന്ദ്യ. ദിവ്യ ശ്രീ. കോശിവൈദ്യന്‍ കോര്‍ എപ്പിസ്ക്കോപ്പായും, ബഹു. കെ. എം. കോശിവൈദ്യന്‍ അച്ചനും പ്രത്യേകം സ്മരണാര്‍ഹരാണ്. കൂടാതെ പാലവിളയില്‍ അലക്സത്രയോസ്, ഇടയില വീട്ടില്‍ കെ. തോമസ്സ് വൈദ്യന്‍, കുറ്റിയില്‍ കെ. ഓ. കോശിതരകന്‍ കത്തനാര്‍ , വാഴയില്‍ പി. കെ. മത്തായി വൈദ്യന്‍ കത്തനാര്‍, കൊച്ചുതുണ്ടില്‍ റെഞ്ചുമാത്യു വൈദ്യന്‍ തുടങ്ങി എല്ലാ വാങ്ങിപ്പോയ വൈദികരുടേയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ആത്മീയ മണ്ഡലങ്ങളില്‍ ശ്രേഷ്ടിതമായി പ്രവര്‍ത്തിക്കുന്ന വന്ദ്യ. ദിവ്യശ്രീ. ഡോ. കെ. എല്‍. മാത്യുവൈദ്യന്‍ കോര്‍എപ്പിസ്കോപ്പ, അലക്സാണ്ടര്‍ വൈദ്യന്‍ കോര്‍എപ്പിസ്കോപ്പ, വൈദികരായ വര്‍ഗ്ഗീസ് തരകന്‍, എം. മാത്യു, എം. എം. വൈദ്യന്‍, വി. ജി. കോശിവൈദ്യന്‍, നൈനാന്‍ ഉമ്മന്‍, കെ. എം. കോശിവൈദ്യന്‍, ഫിലിപ്പ് തരകന്‍, ഷിബു ഡാനിയേല്‍, ജോണ്‍ ഗീവര്‍ഗ്ഗീസ്, അനൂബ് ജോണ്‍, ആമോസ് തരകന്‍ എം., അലക്സ് ജേക്കബ് എന്നിവരും, ഈ ഇടവകയുടെ അഭിമാന ഭാജനങ്ങളാണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ വിളങ്ങുന്ന അനേകം ആല്‍മായ ശ്രേഷ്ടരേയും ഈ ഇടവകയ്ക്ക് സംഭാവന നല്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ ഇടവകയ്ക്ക് സെന്‍റ് മേരീസ്, സെന്‍റ് ഗ്രീഗോറിയോസ് എന്നീ രണ്ട്‌ ചാപ്പലുകളും പരിശുദ്ധ മാര്‍ അബോയുടേയും, പരിശുദ്ധ പരുമല തിരുമേനിയുടേയും, ഗീവര്‍ഗീസ് സഹദായുടേയും നാമദേയങ്ങളില്‍ ആറ് കുരിശടികളും, രണ്ട്‌ സണ്‍ഡേ സ്കൂള്‍, മര്‍ത്തമറിയം ഹോല, മാര്‍ ആബോ ഹോല കെട്ടിടങ്ങളുമുണ്ട്. കുടാതെ മാര്‍ അബോ സ്മൃതി മന്ദിരം എന്ന പേരില്‍ ഒരു ബഹുനിലക്കെട്ടിടസമുച്ചയം കൂടി ഉണ്ട്. ഇതിന്‍റെ ശിലാസ്ഥാപനം നടത്തിയത് 9 ഫെബ്രുവരി 2009 ചെങ്ങനൂര്‍ ഭദ്രാസനാധിപന്‍ അഭി. തോമസ്സ് മാര്‍ അത്തനാസിയോസ്സും കൂദാശാ കര്‍മ‌മം നിര്‍വഹിച്ചത് കൊല്ലം ഭദ്രാസനാധിപന്‍ അഭി. സക്കറിയാ മാര്‍ അന്തോനിയോസ് ആണ്. ഇപ്പോള്‍ തേവലക്കരയിലും പരിസര പ്രദേശങ്ങളിലുമുളള പള്ളികളെല്ലാം തന്നെ ഇവിടെ നിന്നും പിരിഞ്ഞുപോയതാണ്. ഈ വിശുദ്ധ ദേവാലയത്തിന്‍റെ സമീപമായി ചാലിയത്ത് മുസ്ലിം ജമാഅത്തും, തേവലക്കര ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ദേവപാലകര്‍കര എന്നറിയപ്പെട്ടിരുന്ന തേവലക്കര ഇക്കാലമത്രയും പരസ്പര സഹോദരങ്ങളെപ്പോലെ ഇതരവിശ്വാസങ്ങള്‍ക്കതീതമായി കഴിഞ്ഞു വരുന്നു.

വിവിധ സമയങ്ങളില്‍ വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുള്ള വന്ദ്യ വൈദികരായ സി. സി. ജോണ്‍(കാലം ചെയ്ത യുഹാനോന്‍ റമ്പാന്‍), തമ്പാന്‍ വര്‍ഗീസ്, അലക്സ് പി. സ്കറിയ, പി. തോമസ്സ്, എം. എല്‍. തോമസ്, ഫിലിപ്പോസ് ഡാനിയേല്‍, വി. ജി. ജോണ്‍, മാത്യൂസ് റ്റി. ജോണ്‍, ജി. കോശി ഒറ്റപ്ളാംമൂട്ടില്‍, ജോണ്‍ ടി. വര്‍ഗീസ്, ബിജോയ്‌ സി. പി., ജെയിംസ് ജെ നല്ലില, തോമസ് മാത്യൂസ് തട്ടാരുതുണ്ടിൽ എന്നിവരുടെ സേവനങ്ങള്‍ ഇടവകയെ അഭിമാനാര്‍ഹമായ നിലയിലേക്ക് ഉയര്‍ത്തുകയുണ്ടായി. ഇടവക വികാരിയായി ഇപ്പോള്‍ സേവനമനുഷ്ടിക്കുന്നത് മുളവന സ്വദേശിയായ റവ: ഫാ: മാത്യു റ്റി. തോമസ് അണ്.